ബാലുശ്ശേരി: ബാലുശ്ശേരി കരുമലയില്‍ നിയന്ത്രണംവിട്ട കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടോടെ കരുമല വളവിലാണ് അപകടം. വയനാട്ടില്‍ നിന്നും മാഹിയിലേക്ക് യാത്ര ചെയ്ത നാലുപേർ അടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകട മേഖലയായ ഇവിടെ കഴിഞ്ഞ ആഴ്ചയാണ് ബസ് ഓട്ടോയിലിടിച്ച് അപകടം സംഭവിച്ചത്. അന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും, കാല്‍ നടയാത്രക്കാരനായ വയോധികൻ മരിക്കുകയും ചെയ്തിരുന്നു. പിന്നാലെ നാട്ടുകാരുടെ പരാതിയിൽ ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.