തിരുവനന്തപുരം: സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പർ നിർബന്ധമാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണം. 10, 12 ബോർഡ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്ന സമയത്ത് അപാർ നമ്പർ നിർബന്ധമായി ഉൾപ്പെടുത്തണമെന്നാണു നിർദേശം. സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ നമ്പർ നിർബന്ധമാക്കുകയാണ്. അടുത്ത ബോർഡ് പരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. ഓരോ വിദ്യാർഥിക്കും ജീവിത കാലത്ത് ഉപയോഗിക്കാൻ കഴിയുന്ന 12 അക്ക തിരിച്ചറിയൽ രേഖയാണ് അപാർ. ഇതു പരിശോധിച്ചാൽ ഒരു വിദ്യാർത്ഥിയുടെ പരീക്ഷാഫലങ്ങൾ, അക്കാദമിക് വിവരങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങി പഠനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകും