പത്തനംതിട്ട: കൂടലിൽ യുവാവിനെ അയൽക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു. കൂടൽ പയറ്റുകാലായിൽ താമസിക്കുന്ന 40 വയസ്സുള്ള രാജൻ ആണ് കൊല്ലപ്പെട്ടത്. അയൽക്കാരനായ അനിയാണ് കേസിൽ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടി. മദ്യപിച്ചുള്ള തർക്കത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഒറ്റപ്പെട്ട പ്രദേശത്ത് അടുത്ത് അടുത്തായാണ് അനിയുടെയും രാജന്‍റെയും കുടിലുകൾ. ഇന്നലെ രാത്രി അനിയുടെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും രാജന് കുത്തേൽക്കുകയുമായിരുന്നു
രാവിലെ സ്ഥലത്തെത്തിയ പിതൃസഹോദരിയാണ് രാജനെ കുടിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. രാജന്റെ മരണം അറിഞ്ഞതോടെ അനി സ്ഥലം വിട്ടു. പരിശോധനയ്ക്കെത്തിയ പൊലീസ് നായ രാജന്‍റെ വീട്ടിലെത്തിയ ശേഷം സമീപത്തെ റബർതോട്ടം വഴി അനി ബസ് കയറിയ സ്ഥലം വരെ ഓടി. കരുനാഗപ്പള്ളി അടക്കം വിവിധ സ്ഥലങ്ങളിൽ കറങ്ങിയ അനി വൈകീട്ടോടെ കൂടൽ ജംഗ്ഷനിൽ വന്നിറങ്ങി. പ്രതിയുടെ പിന്നാലെയുണ്ടായിരുന്ന പൊലീസ് സംഘം കയ്യോടെ പൊക്കി. കൊല്ലപ്പെട്ട രാജൻ അവിവാഹിതനാണ്. മാതാപിതാക്കളുടെ മരണശേഷമാണ് കൂടലിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയത്. അനി വിവാഹിതനാണ്