കണ്ണൂര്‍:പരിയാരത്ത് രണ്ടു മക്കളുമായി കിണറ്റിൽ ചാടിയ സംഭവത്തിൽ അമ്മ ധനജയെ കോടതി റിമാൻഡ് ചെയ്തു. കിണറ്റിൽ ചാടിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന മകൻ ധ്യാൻ കൃഷ്ണ മരിച്ചതോടെയാണ് ധനജക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്.
കഴിഞ്ഞ ദിവസം ധനജയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ധനജ രണ്ടു മക്കളുമായി വീടിന്റെ പിന്നിലുള്ള കിണറ്റിൽ ചാടിയത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ട് ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞ് മരിച്ച സാഹചര്യത്തിൽ കൊലക്കുറ്റം ചുമത്തി ധനജയെ പ്രതിയാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.