കോഴിക്കോട്: കളൻതോട് എസ്‌ബിഐയുടെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടി. അസം സ്വദേശിയായ ബാബുൽ ആണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടുമാസം മുൻപാണ് ബാബുൽ പ്രദേശത്ത് എത്തിയത്. സമീപത്തായി വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയെന്ന വ്യാജേനയാണ് ഇവിടെ കഴിഞ്ഞിരുന്നത്. രണ്ടുമാസമായി ഇയാൾ മോഷണത്തിനായി പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
നൈറ്റ് പട്രോളിംഗിനിടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ എടിഎമ്മിന് സമീപത്തെത്തി പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഷട്ടർ തുറന്ന് പ്രതി പുറത്തുവന്നു. പൊലീസിനെ കണ്ട് ബാബുൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. എസ് ഐ പ്രദീപ് കുമാർ, സിപിഒ പ്രജിത്ത്, എസ് സി പി ഒ.രാജേന്ദ്രൻ എന്നിവർ അടക്കുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.