ചൈന്നൈ: ക്വാല ലംപൂരിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ചരക്ക് വിമാനം ലാൻഡ് ചെയ്യാനിരിക്കെ വിമാനത്തിൽ അഗ്നിബാധ. നാലാമത്തെ എഞ്ചിനിൽ തീപിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ പൈലറ്റുമാർക്ക് സാധിച്ചു. പിന്നാലെ വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനാ വിഭാഗമെത്തി തീയണക്കാൻ ശ്രമം തുടങ്ങി. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ല. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
ലാൻഡിങ് സമയത്ത് എഞ്ചിനിൽ തീപിടിച്ച ഉടൻ പൈലറ്റുമാർ വിവരം വിമാനത്താവളത്തിലെ അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെ അഗ്നിരക്ഷാ വിഭാഗം റൺവേയിലേക്ക് നീങ്ങി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തീയണക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായാണ് വിവരം. നാശനഷ്ടം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.