കോഴിക്കോട്: കേരകർഷകരെ ആശങ്കയിലാക്കി പച്ചത്തേങ്ങ വില ഇടിയുന്നു. കിലോയ്ക്ക് 78 രൂപ വരെ ഉയർന്ന വില ഇന്നലെ 55ലെത്തി. 20 ദിവസത്തിനിടെയാണ് 23 രൂപയുടെ കുറവുണ്ടായത്. 78ൽ നിന്ന് 72ലേക്കും പിന്നീടിത് 70, 67, 63, 60, 58 എന്നിങ്ങനെ കുറയുകയായിരുന്നു. ജൂലൈ അവസാനം 72 രൂപയായിരുന്നു വില. ഈ മാസത്തിന്റെ തുടക്കത്തിൽ 70 രൂപയായി. കഴിഞ്ഞദിവസം 58 രൂപയുണ്ടായിരുന്നത് ഇന്നലെ 56ലും ഉച്ച കഴിഞ്ഞതോടെ 55 രൂപയുമായി.
അടുത്ത ദിവസങ്ങളിൽ 50 രൂപയായി കുറയുമെന്ന് വ്യാപാരികൾ പറഞ്ഞു. കൊപ്ര വിലയിലും ഇടിവുണ്ട്. പ്രധാന വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ ഇന്നലെ ക്വിന്റലിന് 22,200 രൂപയാണ് കൊപ്ര എടുത്തപടിയുടെ വില. ഒരുമാസത്തിനിടെ 4200 രൂപയാണ് കുറഞ്ഞത്. ജൂലൈ 10ന് 26,400 രൂപയുണ്ടായിരുന്ന കൊപ്ര വില ജൂലൈ അവസാനം 25,600 രൂപയായും ഓഗസ്റ്റ് ആദ്യവാരം 24,300 രൂപയായും കുറഞ്ഞു. ശനിയാഴ്ച 23,200 രൂപയായിരുന്നു വില. ആയിരം രൂപ കുറഞ്ഞാണ് ഇന്നലെ 22,200 രൂപയായത്. വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞിട്ടുണ്ട്. 390-400 രൂപയാണ് ഇന്നലത്തെ വില. വൻകിട കമ്പനികൾ വൻതോതിൽ തേങ്ങ സംഭരിക്കുന്നതും ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ആവശ്യം വർധിക്കുന്നത് കണ്ട് നിർമാണം വർധിപ്പിച്ചതുമാണ് വില കുറയാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. വില കൂടിയതോടെ വിളയാത്ത തേങ്ങ വിൽപന നടത്തിയതും വിപണിയെ ബാധിച്ചു.
തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉത്പാദനം കൂടിയതും വെളിച്ചെണ്ണ വില കൂടിയതോടെ ആളുകൾ ഭക്ഷ്യാവശ്യങ്ങൾക്ക് പാംഓയിൽ ഉപയോഗിക്കാൻ തുടങ്ങിയതും വില കുറയാൻ കാരണമായി. തമിഴ്‌നാട്, കേരള സർക്കാരുകൾ വെളിച്ചെണ്ണ വ്യവസായികളുമായി ചർച്ച നടത്തി വില കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. വില വർധിക്കുന്നത് വ്യാപാരം കുറയാനും നഷ്ടം കൂട്ടാനും ഇടയാക്കിയതായി വ്യാപാരികൾ പറയുന്നു. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സ്റ്റെഡി ആയാൽ മാത്രമേ വിപണിയിൽ ഉണർവ് ഉണ്ടാവൂ എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. രണ്ടുവർഷം മുമ്പുവരെ 23 മുതൽ 26 വരെയായിരുന്നു പച്ചത്തേങ്ങയുടെ വില. 2024ലെ ഓണത്തിന് മുമ്പ് സർക്കാർ നിശ്ചയിച്ച സംഭരണ വിലയായ 34ഉം കടന്ന് 39ലെത്തി.
പിന്നീടും വർധിച്ച് വില 47ലെത്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ വില റെക്കോഡ് തകർത്ത് മുന്നേറുകയായിരുന്നു. തേങ്ങയുടെ ഉൽപാദനം കുറഞ്ഞതാണ് വില വർധനയ്ക്ക് കാരണമായത്. മുൻ വർഷങ്ങളിലേതിനേക്കാൻ മൂന്നിലൊന്നായി ഉൽപാദനം കുറഞ്ഞതായാണ് കണക്കുകൾ. ഒരു ഘട്ടത്തിൽ കിലോക്ക് നൂറ് കടക്കുമെന്ന നിലയിൽ നിന്നാണ് ഇപ്പോൾ വില ഇടിയാൻ തുടങ്ങിയിരിക്കുന്നത്. വില കുറയുന്നത് കർഷകർക്ക് തിരിച്ചടിയാകുമ്പോഴും വെളിച്ചെണ്ണ വില കുറയുന്നതിന്റെ ആശ്വാസത്തിലാണ് ജനം.