കോട്ടക്കൽ:ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടിൽ ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.
മറ്റൊരു സംഭവത്തിൽ, വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിയിരുന്നു.