മോളേ പട്ടുപാവാട തയ്ക്കാന്‍ സാരി വാങ്ങിയിട്ടുണ്ടേ...അമ്മ എത്താന്‍ അല്‍പം വൈകും’. ഇതായിരുന്നു ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ ഭാഗത്ത് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ ലിപ്സി(42) അവസാനമായി മകളെവിളിച്ച് പറഞ്ഞ കാര്യം. പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ഒന്നാംബ്ലോക്കിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയുടെ സമീപത്തായി ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ലിപ്സിയുടെ മൃതദേഹം കണ്ടത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ ലിപ്സിയെ വിളിച്ചിട്ട് ഫോൺ എടുത്തിരുന്നില്ല. വൈകുന്നേരം തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് രാജീവ് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ പരാതി കൊടുത്തു. പോലീസ് പരിശോധനയിൽ മൊബൈൽ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്ന് കണ്ടെത്തി. അഷ്ടമിച്ചിറ മാരെക്കാട് എഎൽപി സ്കൂളിലെ അധ്യാപികയാണ് ലിപ്സി. ലിപ്സിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അതിരപ്പിള്ളി പോലീസും കൊടുങ്ങല്ലൂർ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം പിള്ളപ്പാറ കപ്പേളയുടെ സമീപം ചാലക്കുടിപ്പുഴയിൽ ചൂണ്ട ഇട്ടിരുന്ന പ്രദേശവാസികൾ പുഴയിലൂടെ എന്തോ ഒഴുകിപ്പോകുന്നത് കണ്ടു. വിവരം അതിരപ്പിള്ളി പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ പിള്ളപ്പാറയിലെ റോഡരികിൽ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയിലാണ് എട്ടു കിലോമീറ്ററോളം അകലെ മൃതദേഹം കണ്ടെത്തിയത്. ഋതു ഏക മകളാണ്. അധ്യാപികയുടെ മരണം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കുമുണ്ടാക്കിയ വേദന പറഞ്ഞറിയാക്കാനാകാത്തതാണ്. ലിപ്‌സി കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്നു. ചികിത്സക്കായി രണ്ടുദിവസംകൂടി അവധി നീട്ടിയ ഇവർ തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ലിപ്സി സ്കൂളിൽ എത്തിയിരുന്നില്ല. ചാലക്കുടിയിലുള്ള അധ്യാപകരുടെ സഹകരണസംഘത്തിൽ എത്തുകയും ഇവിടെ പണം അടയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ചാലക്കുടിയിലെ ടെക്‌സ്റ്റൈൽസിൽനിന്ന് മകൾ ഋതുവിന് ഓണത്തിന് ധരിക്കാനായി പട്ടുപാവാട തുന്നിക്കാൻ സാരി വാങ്ങി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നു.
രണ്ടുമണിേയാടെ മകൾക്ക് ഫോൺചെയ്ത് അമ്മ സാരി വാങ്ങിയിട്ടുണ്ടെന്നും എത്താൻ കുറച്ചു വൈകുമെന്നും പറഞ്ഞു. വൈകീട്ട് കാണാതായതിനെത്തുടർന്നാണ് ഭർത്താവ് രാജീവ്കുമാർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ 22 വർഷമായി അധ്യാപികയായി ജോലിചെയ്യുന്ന ലിപ്‌സി അഴീക്കോട് മേനോൻബസാറിനു പടിഞ്ഞാറുവശം ഊർക്കോലിൽ ശ്രീധരന്റെയും പങ്കജത്തിന്റെയും മകളാണ്.