പാലക്കാട്: ഷൊർണൂർ കുളപ്പുള്ളിയിൽ വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ സമ്മാനാർഹമായ ടിക്കറ്റ് എന്ന് ധരിപ്പിച്ചു വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി 3600 രൂപയുടെ ലോട്ടറികളും 350 രൂപയും തട്ടിയെടുത്തതായി പരാതി. ഷൊർണ്ണൂരിൽ വാടകക്ക് താമസിക്കുന്ന എകെ വിനോദ് കുമാറാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു തട്ടിപ്പ് നടന്നത്. ഏഴു വർഷത്തോളമായി ടിക്കറ്റ് വിൽപ്പന നടത്തി ഉപജീവന മാർഗം കാണുന്ന അറുപതുകാരനായ എകെ വിനോദ്കുമാറാണു തട്ടിപ്പിന് ഇരയായത്. ഷൊർണൂർ മെറ്റൽ ഇൻ്റസ്ട്രീസിനു സമീപം റോഡരികിൽ ടിക്കറ്റ് വിൽപ്പന നടത്തുകയായിരുന്നു വിനോദ് കുമാർ. മാസ്ക് ധരിച്ചു സ്കൂട്ടറിൽ എത്തിയയാൾ കയ്യിലുണ്ടായിരുന്ന ഭാഗ്യധാരയുടെ ഒരു സെറ്റ് ടിക്കറ്റിന് സമ്മാനം ഉണ്ടെന്നും ടിക്കറ്റ് മാറ്റി പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
12 ടിക്കറ്റുകൾ അടങ്ങിയ ഒരു സെറ്റ് ലോട്ടറി കാണിച്ച് സമ്മാന തുകയായ 6000 രൂപ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ 6000 രൂപ നൽകാൻ വിനോദിന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഇതോടെ നാല് ടിക്കറ്റുകൾ വിനോദ് കുമാർ വന്നയാൾക്ക് തിരിച്ചു നൽകി. ബാക്കിയുള്ള എട്ടു ടിക്കറ്റുകളുടെ സമ്മാനത്തുകക്ക് പകരമായി 500 രൂപയുടെ 5 ഓണം ബമ്പറുകളും, രണ്ട് സെറ്റ് സുവർണകേരളം ടിക്കറ്റുകളും ഇതിനുപുറമേ 350 രൂപ പണമായും വിനോദ് കുമാർ നൽകി. പകരം കിട്ടിയ ടിക്കറ്റുകളുമായി വിനോദ്കുമാർ ഏജൻസിയിലെത്തി സ്കാൻ ചെയ്തപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. ഷൊർണൂർ പൊലീസിൽ പരാതി നൽകിയതായി വിനോദ് കുമാർ പറഞ്ഞു. അസുഖബാധിതരായ വിനോദ് കുമാറിൻ്റെയും ഭാര്യയുടെയും ഏക ഉപജീവനമാർഗ്ഗമാണ് ടിക്കറ്റ് വിൽപ്പന