വയനാട് ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ലക്ഷങ്ങളുടെ വിസാ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി മാവേലിക്കരയില്‍ പിടിയില്‍. ആലപ്പുഴ ചാരുംമൂട് സ്വദേശി രാജേന്ദ്രന്‍ പിള്ള ആണ് മാനന്തവാടി പൊലീസിന്‍റെ പിടിയിലായത്.
നെതര്‍ലാന്‍ഡില്‍ ജോലി ഉള്‍പ്പെടെ വിസയ്ക്കായി മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപ ശമ്പളം. ആദ്യ ഗഡുവായി രാജേന്ദ്രന്‍പിള്ളയ്ക്ക് ഒരു ലക്ഷം രൂപ നല്‍കി കാത്തിരുന്നവര്‍ പക്ഷേ ചതിക്കപ്പെട്ടു. രണ്ട് വര്‍ഷമായിട്ടും വിസ ലഭിക്കാതിരുന്നതോടെ ആണ് ആളുകള്‍ പരാതിയുമായി രംഗത്തുവന്നത്.
മാനന്തവാടി പൊലീസ് സൈബര്‍ വിംങ്ങിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കരയില്‍ നിന്ന് പ്രതി പിടിയിലാകുന്നത്. വയനാട്ടില്‍ മാത്രം 45ഓളം പേര്‍ വിസാ തട്ടിപ്പിന് ഇരയായി. സംസ്ഥാനത്ത് ഉടനീളം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് വിവരം. ഇയാളുടെ കൂട്ടാളികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി