എകരൂൽ : കിനാലൂർ റബ്ബർ എസ്റ്റേറ്റ് ഉൾപ്പെട്ട കിനാലൂർഭാഗത്ത് ചൊവ്വാഴ്ച സന്ധ്യയോടടുത്ത് പുലിയെകണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനനടത്തി. കിനാലൂർ വ്യവസായ കോംപ്ലക്സ് പരിസരത്തുനിന്നും കാറിൽ വരുകയായിരുന്ന രാരോത്ത് താമസിക്കുന്ന നിസാറാണ് വന്യജീവിയെകണ്ട വിവരം നാട്ടുകാരെ അറിയിച്ചത്.
നല്ലഉയരവും പുലിയോളം വലുപ്പവുമുള്ള ജീവിയാണെന്നും കാക്കകൾ ഇതിന്റെ ചുറ്റും വട്ടമിട്ട് പറക്കുന്നത് കണ്ടാണ് വാഹനംനിർത്തി നോക്കിയതെന്നും ഉടനെ കാട്ടിലേക്ക് ഓടിമറഞ്ഞുവെന്നും നിസാർ പറഞ്ഞു.
കിനാലൂർ റബ്ബർ എസ്റ്റേറ്റ് ഭാഗമായ എമ്മംപറമ്പ്, തെച്ചി, എടന്നൂര് പ്രദേശങ്ങളിൽ എസ്റ്റേറ്റിൽ പുലർച്ചെ പണിക്ക് പോകുന്നവരടക്കം ഇവിടങ്ങളിൽ താമസിക്കുന്ന ഒട്ടേറെ കുടുംബാംഗങ്ങളെയും വിവരം പുറത്തായതോടെ വലിയ ആശങ്കയിലാക്കിയിരുന്നു. ഡപ്യൂട്ടി റെയിഞ്ചർ സി. വിജിത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനനടത്തി. വന്യമൃഗത്തിന്റേതായ യാതൊരു അടയാളവും ലഭിച്ചിട്ടില്ലെന്നും രാത്രിസമയത്ത് സ്ഥലത്ത് പട്രോളിങ് നടത്തുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു