കൊടുങ്ങല്ലൂർ: നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ട ജസ്നക്ക് അവാർഡ് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മരിച്ച ജസ്നയുടെ വിയോഗം നാടിന്റെ നൊമ്പരമായി. അണലിയുടെ കടിയേറ്റാണ് ഇവർ മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് ഫീൽഡ് പരിശോധനകൾക്ക് ശേഷം കൃഷിഭവൻ അധികൃതർ ജസ്നയെ മികച്ച വനിത കർഷകയായി തെരഞ്ഞെടുത്തത്. ആഗസ്റ്റ് 17ന് അവാർഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവർ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ജസ്നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം