ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷകൾക്ക് അപാർ ഐ.ഡി(ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രറി-അപാർ) നമ്പർ നിർബന്ധമാക്കി. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പ്രകാരമാണ് സി.ബി.എസ്.ഇ പരീക്ഷാ രജിസ്‌ട്രേഷന് അപാർ ഐ.ഡി നിർബന്ധമാക്കിയത്. ജൂണിൽ ചേർന്ന സി.ബി.എസ്.ഇ ബോർഡ് യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഇതുവഴി വിദ്യാർഥിയുടെ മുൻക്ലാസുകളിലെ പഠനം, മാർക്ക് നിലവാരം തുടങ്ങിയ ഡിജിറ്റൽ റെക്കോഡുകളായി ലഭ്യമാകും.
അപാർ ഐ.ഡി നമ്പർ ലഭിക്കുന്നതോടെ പ്രീ-പ്രൈമറി മുതൽ ഉപരിപഠനം വരെയുള്ള വിവരങ്ങൾ സി.ബി.എസ്.ഇ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ലഭ്യമാകും. പരീക്ഷാഫലം, മാർക്ക് ലിസ്റ്റുകൾ എന്നിവയും ഈ നമ്പറിലൂടെ ലഭ്യമാകും. വിവിധ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ഇതിലൂടെ സാധ്യമാകും. ഒരു വിദ്യാർഥിയുടെ പഠന കാലത്ത് മുഴുവനായും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് അപാർ ഐ.ഡി നമ്പർ ലഭ്യമാക്കുന്നത്. രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും അപാർ ഐ.ഡി ഏർപ്പെടുത്താനാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്