ന്യൂഡൽഹി: ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെ ജീവനക്കാർ അപകടത്തിൽപ്പെട്ടാൽ എംപ്ലോയീസ് കോമ്പൻസേഷൻ നിയമപ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. 1923ലെ നിയമപ്രകാരം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. ജോലിക്കിടെ മാത്രമല്ല, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങൾക്കും ഇത് ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു.
അപകടത്തിന്റെ സമയം, സ്ഥലം, സാഹചര്യങ്ങൾ എന്നിവ വ്യക്തമായി തെളിഞ്ഞാൽ ഇ.സി ആക്ടിലെ സെക്ഷൻ മൂന്ന് ‘തൊഴിലിൽ നിന്നും ഉണ്ടാകുന്ന അപകടം’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്രയും കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറി വാച്ച്മാനായിരുന്ന ഷാഹു സംപത്രാവു ജാധവർ ജോലിക്ക് പോകുന്നതിനിടെ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകുന്നതാണ് കോടതിയുടെ ഇടപെടൽ.
ജീവനക്കാരൻ തന്റെ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് ജോലിക്ക് വേണ്ടിയോ അല്ലെങ്കിൽ ജോലി ചെയ്ത ശേഷം ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴോ സംഭവിക്കുന്ന അപകടം ഇതിന്റെ പരിധിയിൽ വരുമെന്ന് വിധിന്യായത്തിൽ പറഞ്ഞു. അപകടത്തിന്റെ സമയം, സ്ഥലം, സാഹചര്യങ്ങൾ, ജോലി എന്നിവ തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കും നഷ്ടപരിഹാരം.
2003 ഏപ്രിൽ 22ന് ഫാക്ടറിയിൽ നിന്ന് 5 കിലോമീറ്റർ അകലെ ബൈക്ക് അപകടത്തിലാണ് ഷാഹു സംപത്രാവു മരിച്ചത്. പുലർച്ചെ 3 മുതൽ രാവിലെ 11 വരെയായിരുന്നു അദ്ദേഹത്തിന്റെ ജോലി സമയം. പുലർച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. നാല് മക്കളും കുട്ടികളും അടങ്ങുന്ന കുടുംബത്തിന് തൊഴിലാളി നഷ്ടപരിഹാര കമ്മീഷണറായ ഉസ്മാനാബാദ് സിവിൽ ജഡ്ജി 3,26,140 രൂപ നഷ്ടപരിഹാരവും 12% വാർഷിക പലിശയും നൽകാൻ ഉത്തരവിട്ടു. കൂടാതെ തൊഴിലുടമയും ഇൻഷുറൻസ് കമ്പനിയും തുകയുടെ 50% പിഴയായി നൽകാനും ഉത്തരവിട്ടു. എന്നാൽ, അപകടം നടന്നത് ഫാക്‌ടറി പ്രദേശത്തല്ലന്നും കിലോമീറ്ററുകൾ അപ്പുറെയാണെന്നും ചൂണ്ടിക്കാട്ടി തൊഴിലുടമയും കമ്പനിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നഷ്ടപരിഹാര വിധി റദ്ദാക്കുകയും ചെയ്തു. ഹൈകോടി വിധി തള്ളിയ സുപ്രീം കോടതി, കമ്മീഷണറുടെ വിധി ശരിവെക്കുകയായിരുന്നു.