തിരുവവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി കേസ് നേരിട്ട് അന്വേഷിക്കും. വിജിലൻസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിമർശിച്ചു. വിജിലൻസിന്‍റെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് നാഗരാജാണ് കോടതിയെ സമീപിച്ചത്.
ഈയിടെ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിച്ചിരുന്നു. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ നേരത്തെ മടക്കിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്തയില്ലെന്ന് ചൂണിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലൻസ് ഡയറക്ടർക്ക് മുൻപാകെ ഹാജരാകാനും നിർദേശം നൽകിയിരുന്നു.
കരിപ്പൂർ സ്വർണ്ണക്കടത്തിൽ പങ്കുണ്ട് , മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫർണിച്ചറാക്കി, തിരുവനന്തപുരം നഗരത്തിൽ ആസംബര വീട് നിർമ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ചാണ് , ഫ്ലാറ്റ് വിൽപ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു എന്നതടക്കം നിരവധി പരാതികളാണ് വിജിലൻസ് അന്വേഷിച്ചത്. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ എസ്പിയാണ് അന്വേഷണം നടത്തിയത്. എല്ലാ ആരോപണങ്ങളിലും എം.ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയത് . എന്നാൽ ഈ റിപ്പോർട്ട് അംഗീകരിക്കാൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത തയ്യാറായില്ല . അന്വേഷണ റിപ്പോർട്ട് അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് മടക്കി അയക്കുകയായിരുന്നു.