കൊച്ചി: വെറും രണ്ടുമിനിറ്റ് വൈകിയതിന് അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി. കുട്ടിയെ ടി.സി നൽകി പറഞ്ഞുവിടുമെന്നും വൈകി വന്നാൽ വെയിലത്ത് ഓടിക്കുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ ആരോപിച്ചു.
വൈകിവന്നതിന് തന്നെ ആദ്യം ഗ്രൗണ്ടിൽ ഓടിച്ചതിന് ശേഷമാണ് ഇരുട്ട് മുറിയിൽ ഇരുത്തിയതെന്ന് കുട്ടി പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസിൽ പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അതേസമയം, ആരോപണം സ്കൂൾ മാനേജ്മെന്റ് നിഷേധിച്ചിട്ടുണ്ട്. സ്ഥിരമായി താമസിച്ചുവരുന്ന കുട്ടികളെ ഇത്തരത്തിൽ ജോഗിങ്ങിനായി വിടാറുണ്ട് എന്നും സ്കൂൾ നിയമാവലിയിൽ പറയുന്ന കാര്യമാണ് അതെന്നുമാണ് മാനേജ്മെന്റ് നൽകിയ വിശദീകരണം. രാവിലെ എട്ടരക്ക് ശേഷം എത്തുന്ന കുട്ടികളെയാണ് ഇങ്ങനെ ഗ്രൗണ്ടിൽ ഓടിക്കുന്നത്. അവർ നേരത്തേ വരാനുള്ള മുന്നറിയിപ്പ് കൂടിയാണിത്. പരാതി പറഞ്ഞിരിക്കുന്ന കുട്ടി അഞ്ചുദിവസമായി വൈകിയാണ് സ്കൂളിലെത്തിയിരുന്നതെന്നും അത്കൊണ്ടാണ് ഇത്തരത്തിലുള്ള നടപടിയെന്നും അധികൃതർ വ്യക്തമാക്കി. കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തതെന്നും ഇരുട്ടു മുറിയിൽ ഇരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി