ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ടോള്‍ പിരിച്ചിട്ട് റോഡ് നന്നാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. ആംബുലന്‍സിന് പോലും പോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കാണ് ഉള്ളതെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നാലാഴ്ചക്ക് നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്. ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ സഞ്ചരിച്ചപ്പോള്‍ നേരിട്ട് അനുഭവിച്ച ബുദ്ധിമുട്ട് ചീഫ് ജസ്റ്റിസ് ഗവായ് കോടതിയില്‍ വിശദീകരിച്ചു. ഒരു തവണ മാത്രമാണ് ആ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളത്. അന്ന് എസ്‌കോര്‍ട്ട് അകമ്പടി ഉണ്ടായിട്ടും പാലിയേക്കര ടോള്‍ പ്ലാസ കടക്കാന്‍ തന്റെ വാഹനം ബുദ്ധിമുട്ടിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ടോള്‍ പിരിച്ച ശേഷം എന്ത് കൊണ്ടാണ് റോഡ് നന്നാക്കാത്തത് എന്നും റോഡ് പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് എന്തിന് ടോള്‍ പിരിവ് തുടങ്ങിയെന്നും സുപ്രീം കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. നാല് ആഴ്ചത്തേയ്ക്ക് അല്ലേ ഹൈക്കോടതി ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്? അതിനിടയില്‍ ഗതാഗത കുരുക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ച് കൂടെയെന്നും ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറലിനോട് സുപ്രീം കോടതി ആരാഞ്ഞു. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള പ്രശ്‌നത്തില്‍ എന്തിന് പൊതുജനം ബുദ്ധിമുട്ടണമെന്നും കോടതി ചോദിച്ചു.
പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിന് കാരണം ആമ്പല്ലൂര്‍, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിലെ ബ്ലാക് സ്‌പോട്ടുകള്‍ കാരണമാണെന്ന് ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഇവിടങ്ങളിലെ സര്‍വ്വീസ് റോഡിലെ ഗതാഗത കുരുക്കും അടിപ്പാത, ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണങ്ങളും വൈകുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട് എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറയുന്ന സ്ഥലങ്ങളെല്ലാം ടാള്‍ പ്ലാസയില്‍ നിന്ന് കിലോമീറ്ററുകളോളം അകലെയാണെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിനോദ് ചന്ദ്രന് വ്യക്തിപരമായിത്തന്നെ ഇവിടത്തെ വിഷയങ്ങള്‍ അറിയാവുന്ന ആളാണെന്നും, കേരളത്തില്‍ നിന്നുള്ള വ്യക്തിയാണെന്നും ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് വന്ന വ്യക്തിയാണെന്ന് സോളിസിറ്റര്‍ ജനറലും അഭിപ്രായപ്പെട്ടു.