പുതുപ്പാടി : കാക്കവയൽ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൂദാ തദ്ദേവൂസ് ശ്ലീഹായുടെയും ഓർമ്മപ്പെരുന്നാളിന് കൊടിയേറി.
രണ്ടുദിവസങ്ങളായി നടത്തുന്ന ഓർമ്മപ്പെരുന്നാൾ ആഘോഷത്തിന്റെ കൊടിയേറ്റ് കർമം ഫാ. സി.ജെ. ജോർജ് നിർവഹിച്ചു. ഇടവക വികാരി ഫാ. പോൾ ജി.കെ. ജോൺ സന്നിഹിതനായി. വ്യാഴാഴ്ച സന്ധ്യാനമസ്കാരം, വചനശുശ്രൂഷ, മധ്യസ്ഥപ്രാർഥന, ആശീർവാദം, നേർച്ച എന്നിവ നടന്നു. വെള്ളിയാഴ്ച രാവിലെ പ്രഭാതനമസ്കാരത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. വിശുദ്ധ കുർബാന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, സ്നേഹവിരുന്ന്, ലേലം എന്നിവയ്ക്കുശേഷം ഓർമ്മപ്പെരുന്നാളിന് കൊടിയിറങ്ങും. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. സി.ജെ. ജോർജ്, ഫാ. ഫിനഹാസ് റമ്പാൻ, ഫാ. പി.ജെ. എൽദോസ് എന്നിവർ കാർമികത്വം വഹിക്കും