വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നാൽ ഇന്ത്യക്കെതിരേ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസറ്റ് രംഗത്ത്. അലാസ്കയിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനും തമ്മിലുള്ള ചർച്ചയുടെ ഫലമനുസരിച്ചായിരിക്കും ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്ലൂംബർഗ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ, കാര്യങ്ങൾ അനുകൂലമായി മുന്നോട്ടുപോകാത്ത പക്ഷം ഉപരോധങ്ങളോ അധിക തീരുവകളോ ഏർപ്പെടുത്തുമെന്ന് സ്കോട്ട് വ്യക്തമാക്കി. നിലവിൽ, റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് യു.എസ് ഇന്ത്യക്കെതിരേ 25% അധിക തീരുവ ചുമത്തിയിരുന്നു. കൂടാതെ, ഈ മാസം ആദ്യം ട്രംപ് ഭരണകൂടം പിഴയായി 25% തീരുവ കൂടി ഏർപ്പെടുത്തിയതോടെ, ഇന്ത്യയിൽ നിന്നുള്ള യു.എസിലേക്കുള്ള കയറ്റുമതി ഭാഗികമായി നിലച്ചിരിക്കുകയാണ്
ഉക്രൈൻ യുദ്ധത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ റഷ്യ, കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യക്ക് എണ്ണ വിൽക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളും യു.എസും ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യയും ചൈനയുമാണ് റഷ്യൻ, ഇറാനിയൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാർ. ഇന്ത്യൻ കമ്പനികൾ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യക്ക് ഡോളർ ലഭിക്കാനും ഉക്രൈനെതിരേ ആയുധങ്ങൾ വാങ്ങി ഉപയോഗിക്കാനും സഹായിക്കുന്നുവെന്നാണ് യു.എസിന്റെ ആരോപണം. എന്നാൽ, രാജ്യതാൽപര്യം മുൻനിർത്തി ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങുമെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.