തിരുവനന്തപുരം: മൃഗവ്യവസായവും മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കൂടിനുള്ളിൽ നിരാഹാരവുമായി വേറിട്ട പ്രതിഷേധം. സ്വാതന്ത്ര്യദിനമായ ഇന്ന് രാവിലെ ആരംഭിച്ച പ്രതിഷേധം 19 ന് രാവിലെ സമാപിക്കും. മൃഗസ്നേഹിയും സാമൂഹ്യപ്രവർത്തകനുമായ ജീവൻ ജയകൃഷ്ണൻ്റെ നേതൃത്വത്തിലാണ് വനിതകൾ ഉൾപ്പടെയുള്ള ഒരു സംഘം പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നാല് ദിവസം നീളുന്ന നിരാഹാര സമരം ആരംഭിച്ചത്. ജീവൻ ജയകൃഷ്ണനൊപ്പം അഭിഷേകും പ്രതിഷേധത്തിൻ്റെ ഭാഗമായി കൂട്ടിലുണ്ട്. മൃഗങ്ങളുടെ അടിമത്തം നിലനിൽക്കേ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ അപലപിച്ചാണ് വ്യത്യസ്തമായ സമരമുറയെന്ന് മൃഗ സ്നേഹികളുടെ ഈ സ്വതന്ത്രകൂട്ടായ്മ പറയുന്നു. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവർ മൃഗങ്ങളെ പീഡിപ്പിക്കുന്നത് തുടരുകയാണ്.
മൃഗങ്ങളെ പീഡിപ്പിക്കുന്നതും ഭക്ഷണത്തിനും വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കും മൃഗങ്ങളെ ഉപയോഗിക്കുന്നതിലൂടെ ലാഭം നേടുന്നതും അവസാനിപ്പിക്കണമെന്നും ചൂഷണത്തിനായുള്ള ബ്രീഡിങ് തന്നെ അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.