തിരുവനന്തപുരം : ഈ ഉത്സവ കാലത്ത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി ദക്ഷിണ റെയിൽവേ. ട്രെയിനുകളിൽ കൃത്യമായ ടിക്കറ്റ് നിയമങ്ങൾ പാലിച്ചു കൊണ്ട് യാത്ര ചെയ്യുന്നതിനെക്കുറിച്ച് യാത്രക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്തുന്നു. 14.08.25 മുതലാണ് കടുത്ത ടിക്കറ്റ് ടിക്കറ്റ് പരിശോധന നടത്തുന്നത്. ടിക്കറ്റ് പരിശോധന കാര്യക്ഷമമായി ഉണ്ടാകുക താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ആണ്. സാധുവായ ടിക്കറ്റ് ഉള്ള യാത്രക്കാരെ പരിശോധിച്ച ശേഷം മാത്രമേ ബോർഡ് ചെയ്യാൻ അനുവദിക്കൂ. തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഇത് ഉറപ്പാക്കും. ടിക്കറ്റ് എടുക്കാതെ ഒരുമിച്ച് യാത്രക്കാർ കയറാൻ സാധ്യതയുള്ള സ്റ്റേഷനുകൾ, തിരക്കേറിയ റൂട്ടുകൾ തുടങ്ങിയവയിലും കനത്ത പരിശോധനയുണ്ടാകും.
ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ, താംബരം, തിരുവനന്തപുരം സെൻട്രൽ, മംഗളൂരു സെൻട്രൽ, കോയമ്പത്തൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, മധുര ജംഗ്ഷൻ മുതലായ സ്റ്റേഷനുകളിലാണ് പ്രധാനമായി പരിശോധനയുണ്ടാകുക. റെയിൽവേ സംരക്ഷണ സേനയോടൊപ്പം (ആർപിഎഫ്) ഡിവിഷനുകളിൽ നിന്നുമുള്ള പ്രത്യേക സ്ക്വാഡുകളും ടിക്കറ്റ് പരിശോധന ചെയ്യുന്ന ജീവനക്കാരെയും ഡ്രൈവിനായി നിയോഗിച്ചിട്ടുണ്ട്. നിയമം പാലിക്കാതെ യാത്ര ചെയ്യുന്നവരെ റെയിൽവേ നിയമ വ്യവസ്ഥകൾക്കനുസൃതമായി കർശനമായി നേരിടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. ഓരോ കേസിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് അത്തരം യാത്രക്കാരെ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇറക്കിവിടുകയോ പുറത്താക്കുകയോ ശിക്ഷിക്കുകയോ കേസെടുക്കുകയോ ചെയ്യും. പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ് കോച്ചുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷിതവും കൂടുതൽ സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് സഹായിക്കുമെന്നും റെയിൽവേ പറഞ്ഞു