കൊല്ലം: ആയൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ആയൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ സുൽഫിക്കർ, വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരി രതി എന്നിവരാണ് മരണപ്പെട്ടത്.
ക്ഷേത്ര ദർശനത്തിന് പോകാൻ ഭർത്താവിനൊപ്പം സുൽഫിക്കറുടെ ഓട്ടോയിൽ കയറിയതായിരുന്നു രതി. കൊട്ടാരക്കരയിലേക്കുള്ള യാത്രാമദ്ധ്യേ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് എതിർ ദിശയിൽ നിന്നെത്തിയ ചരക്കുലോറി ഇടിച്ചു കയറുകയായിരുന്നു. സുൽഫിക്കർ തൽക്ഷണം മരിച്ചു. ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് രതി മരണപ്പെട്ടത്. ഭർത്താവ് സുനിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.