മംഗലാപുരം :
രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഐക്യവും ശക്തിപ്പെടുത്താൻ മുഴുവൻ ഇന്ത്യക്കാരും ഒന്നിച്ച് നിൽക്കണമെന്ന് ഡോ.ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു.
മംഗലാപുരം ദാറുൽ ഖൈർ എജ്യുക്കേഷനൽ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച വിദേശ സാമ്രാജ്യത്വ ശക്തികളോട് ഏറ്റുമുട്ടി നമ്മുടെ പൂർവ്വികർ നേടിത്തന്ന സ്വാതന്ത്യം കാത്തു സൂക്ഷിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട്. അവരൊന്നിച്ച് നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ നാമൊന്നിച്ച് നിൽക്കണം. ജാതി മത വ്യത്യാസങ്ങൾ നമ്മെ തമ്മിലകറ്റരുത്. വർഗ്ഗീയതയും തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യും. വിശ്വോത്തരമായ നമ്മുടെ ഭരണഘടന എല്ലാ പൗരന്മാർക്കും എല്ലാ അവകാശങ്ങളും വകവെച്ച് കൊടുത്തിട്ടുണ്ട്. ആ മഹത്തായ ഭരണഘടനയും അതിൻ്റെ അടിസ്ഥാനത്തിലുള്ള നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ മത്വേതരത്വവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ അക്കാദമി മൈതാനിയിൽ അദ്ദേഹം ദേശീയ പതാക ഉയർത്തി.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിക്കുള്ള ഉപഹാര വിതരണവും നടന്നു. വിദ്യാർത്ഥികൾക്ക് പുറമെ അക്കാദമി കമ്മിറ്റി ഭാരവാഹികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.