ആലപ്പുഴ: ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നത് മദ്യപിക്കാൻ പണം നൽകാത്തതിനെന്ന് പൊലീസ്. ആലപ്പുഴ കൊമ്മാടിക്ക് സമീപം മന്നത്ത് വാർഡിൽ പനവേലി പുരയിടത്തിൽ 71 കാരനായ തങ്കരാജ്, 69 കാരിയായ ആഗ്നസ്, എന്നിവരെയാണ് ലഹരിക്കടിമയായ മകൻ ബാബു കുത്തി കൊന്നത്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ തരിമ്പും കുറ്റബോധമില്ലാതെ രണ്ട് പേരെയും വധിക്കാനുള്ള കാരണം 47കാരനായ പ്രതി വെളിപ്പെടുത്തി. ഇയാളെ പിന്നീട് പൊലീസ് വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതിയായ ബാബുവും കൊല്ലപ്പെട്ട അച്ഛൻ തങ്കരാജും ഇറച്ചി വെട്ടുകാരായിരുന്നു. ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. സ്ഥിരം മദ്യപാനിയായ ബാബു പിന്നീട് ജോലിക്ക് പോകാതായി. ഇയാൾ പതിവായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാനും തുടങ്ങി. ഇങ്ങനെയുള്ള രാത്രികളിൽ മകൻ്റെ ദേഹോപദ്രവം കൂടി ആയതോടെ തങ്കരാജും ആഗ്നസും സ്വയരക്ഷയെ കരുതി മകളുടെ വീട്ടിലേക്ക് ഇടയ്ക്ക് താമസിക്കാൻ പോകാറുണ്ട്. മാതാപിതാക്കളെ ബാബു മർദിച്ചതറിഞ്ഞ് പൊലീസ് ബാബുവിനെ താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇതിന് ശേഷം തങ്കരാജും ആഗ്നസും സ്വന്തം വീട്ടിൽ തിരിച്ചെത്തി.
ഇന്നലെ രാത്രി മദ്യപിച്ചാണ് ബാബു വീട്ടിലെത്തിയത്. തനിക്ക് വീണ്ടും മദ്യപിക്കണമെന്നും മദ്യം വാങ്ങാൻ 100 രൂപ നൽകണമെന്നും പിതാവിനോട് ബാബു ആവശ്യപ്പെട്ടു. തങ്കരാജ് ഇത് നൽകിയില്ല. തുടർന്ന് തർക്കമുണ്ടാവുകയും കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മാതാപിതാക്കൾ ഇരുവരെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം ബാബു തന്നെയാണ് ഭർതൃവീട്ടിൽ കഴിയുന്ന സഹോദരിയെ ഫോണിൽ വിളിച്ച് മാതാപിതാക്കളെ താൻ കൊന്നുവെന്ന് അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ സമീപത്തെ ബാറിൽ നിന്ന് ബാബുവിനെ പിടികൂടി. ഇന്ന് പ്രതിയെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ വച്ച് മാതാപിതാക്കളെ കൊന്നത് എങ്ങനെ എന്ന് വിശദീകരിച്ച് ഇയാൾ പൊലീസിന് പറഞ്ഞുകൊടുത്തു. ഇതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ഇയാളെ കോടതി ഉത്തരവ് അനുസരിച്ച് ജയിലിലേക്ക് മാറ്റി