ബംഗളൂരു: സോണിയ ഗാന്ധിക്കെതിരായ ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി.ജഗ്ഗ റെഡ്ഡി. സോണിയ ഗാന്ധി 59 വര്‍ഷം മുന്‍പേ ഇന്ത്യയുടെ മരുമകളാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രകാലമായിട്ടും അവരെ വിടാതെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന ബിജെപി നിലപാടില്‍ അത്ഭുതമുണ്ടെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. ഗാന്ധികുടുംബം ചെയ്ത നല്ലകാര്യങ്ങളെ അവഗണിച്ച് അവര്‍ക്കുമേല്‍ ചെളിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ബിജെപി നേതാക്കള്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ല. എന്നിട്ടും അവര്‍ വിമര്‍ശിക്കുന്നത് സ്വതന്ത്ര്യസമരങ്ങളെ നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ച ഒരു കുടുംബത്തെയാണ്. പ്രധാനമന്ത്രി മോദിയുടെയും അഭ്യാന്തര മന്ത്രി അമിത്ഷായുടെയും മാതാപിതാക്കളോട് ചോദിച്ചാല്‍ അവര്‍ പോലും ഗാന്ധി കുടുംബത്തിന്റെ മഹത്വം അംഗീകരിക്കും,' ജഗ്ഗ റെഡ്ഡി പറഞ്ഞു.
ബിജെപി നേതാക്കള്‍ ഗാന്ധികുടുംബത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുകയും കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സോണിയ ഗാന്ധി ഈ രാജ്യത്തിന്റെ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു. രാജിവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം ഏഴ് വര്‍ഷം ഏകാന്ത ജീവിതം നയിച്ച അവര്‍ ജനങ്ങള്‍ ആഗ്രഹിച്ചപ്പോള്‍ മാത്രമാണ് രാഷ്ട്രിയത്തില്‍ പ്രവേശിച്ചത്. വലിയ പിന്തുണ ഉണ്ടായിട്ടും അവര്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തില്ല. അതാണ് ത്യാഗം. ബിജെപിക്ക് അത് ഒരിക്കലും മനസിലാവില്ല.
എന്തിന് പറയുന്നു രാഹുല്‍ ഗാന്ധി പോലും പ്രധാനമന്ത്രി പദം ആഗ്രഹിച്ചില്ല. ഡോ. മന്‍മോഹന്‍ സിങ്ങിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. പറയൂ... ബിജെപി നേതാക്കള്‍ എന്നെങ്കിലും ഇത്തരം ത്യാഗം ചെയ്യുമോ,' ജഗ്ഗ പറഞ്ഞു.