ഗസ്സ സിറ്റി: ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഈജിപ്തിലെത്തി. ഹമാസ് പ്രതിനിധി സംഘവും ഈജിപ്തിലെത്തിയിട്ടുണ്ട്.
രണ്ടുമാസത്തെ വെടിനിർത്തലും രണ്ട് ബാച്ചായി ബന്ദികളെ മോചിപ്പിക്കുന്നതുമാണ് നിർദേശത്തിലുള്ളത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം രണ്ടാഴ്ചയിലേറെ ഖത്തറിൽ നടത്തിയ ചർച്ചകൾ ഫലവത്തായിരുന്നില്ല. അതിനിടെ ഹമാസിനെ പൂർണമായി കീഴടക്കി മാത്രമേ ബന്ദികളെ തിരിച്ചുകൊണ്ടുവരാൻ കഴിയൂ എന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം ശക്തമായിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, ഗസ്സയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കൊല തുടരുകയാണ്. ഗസ്സ സിറ്റി രണ്ടുമാസത്തിനകം പൂർണമായി ഒഴിപ്പിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സാമിർ പറഞ്ഞു.
തിങ്കളാഴ്ചയും 11 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ചുപേർ പട്ടിണി കാരണവും മരിച്ചു. ഇതോടെ ഗസ്സയിലെ പട്ടിണി മരണം 263 ആയി. എയർ ഡ്രോപ് ചെയ്ത സഹായവസ്തുക്കളുടെ പെട്ടി ഖാൻ യൂനിസിലെ അഭയാർഥികളുടെ തമ്പിന് മുകളിൽ വീണ് ഒരാൾ മരിച്ചു. ഗസ്സയിൽ ആകെ കൊല്ലപ്പെട്ട ഫലസ്തീനികൾ 62004 ആയി. 24 മണിക്കൂറിനിടെ 60 പേർ കൂടി കൊല്ലപ്പെടുകയും 344 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെസ്റ്റ് ബാങ്കിലെ വഫ്ര കുടിയേറ്റ കേന്ദ്രം സന്ദർശിച്ചു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തിന്റെ 50ാം വാർഷിക പരിപാടിയിൽ പങ്കെടുക്കാനാണ് നെതന്യാഹു എത്തിയത്.