കൊടുവള്ളി : കൊടുവള്ളി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനും ടൗണിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനാവശ്യമായ പോലീസ് സേനയെ നിയമിക്കുന്നതിനും കൊടുവള്ളി പോലീസ് സ്റ്റേഷൻ അധികൃതരും താമരശ്ശേരി ഡിവൈഎസ്‌പിയും താത്പര്യം കാണിക്കുന്നില്ലെന്നാരോപിച്ച് നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിലർമാർ കൊടുവള്ളി പോലീസ് സ്റ്റേഷൻ ധർണ നടത്തി.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അതതുകാലത്തെടുത്ത തീരുമാനങ്ങൾ നടപ്പാക്കേണ്ട ചുമതല പോലീസിനാണെന്നിരിക്കെ നഗരസഭ നിരന്തരം ഇടപെട്ടിട്ടും ഒഴിഞ്ഞുമാറുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു.
തിരക്ക് കുറഞ്ഞ മറ്റു ടൗണുകളിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് സേനയെ വിന്യസിക്കുമ്പോൾ, കൊടുവള്ളി ടൗണിൽമാത്രം ഒരു ഹോംഗാർഡ് മാത്രമാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. നിരന്തരം പോലീസ് സൂപ്രണ്ടിനോടും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനോടും അധികം സേനയെ ടൗണിൽ നിയമിക്കുന്നതിന് ആവശ്യപ്പെട്ടിട്ടും അനുകൂലമായ സമീപനം പോലീസ് സ്വീകരിച്ചില്ലെന്ന് ചെയർമാൻ പറഞ്ഞു. കൊടുവള്ളിയോടുള്ള പോലീസ് മേധാവികളുടെ അവഗണന ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ചെയർമാൻ പറഞ്ഞു.
ജൂലായ് 25-ാം തീയതിമുതൽ കൊടുവള്ളി ടൗണിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി തീരുമാനമെടുത്തെങ്കിലും പോലീസ് സഹകരിച്ചിട്ടില്ല. ഓരോ ദിവസം കഴിയുംതോറും കൊടുവള്ളി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. വയനാട് ഭാഗത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവരും ആംബുലൻസുകളും കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടംതിരിയുകയാണ്.
പോലീസിന്റെ ഭാഗത്തുനിന്ന് പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുൻപോട്ടുപോകാനാണ് നഗരസഭയുടെ തീരുമാനം