ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിനുകീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ‘പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025’ ലോക്സഭ പാസാക്കി.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബിൽ ചർച്ചയില്ലാതെ ശബ്ദവോട്ടോടെ പാസാക്കിയെടുത്തത്. ആദ്യം പണം നിക്ഷേപിച്ച് കൂടുതൽ പണം തിരികെ ലഭിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ മണി ഗെയിമുകളുടെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്.
രാജ്യത്തിനു പുറത്തുനിന്ന് നിയന്ത്രിക്കുന്ന ഓൺലൈൻ മണി ഗെയിമുകൾക്കും പുതിയ നിയമം ബാധകമാണ്. ഇത്തരം പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപവത്കരിക്കും. പണം ഉൾപ്പെട്ട ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികളിൽ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കും.