റിയാദ്: കോഴിക്കോട് - റിയാദ് സെക്ടറില്‍ സഊദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബര്‍ 27 മുതല്‍ റിയാദ് കോഴിക്കോട് സെക്ടറില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. 200 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ ബസ് 321 വിമാനമാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിന് ഉപയോഗിക്കുകയെന്നാണു വിവരം. ഇതുസംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നുണ്ടെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിയ സര്‍വിസ് ആണ് അഞ്ചുവര്‍ഷത്തിന് ശേഷം സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. അപകടശേഷം വലിയ വിമാനങ്ങള്‍ക്ക് (വൈഡ് ബോഡി എയര്‍ ക്രാഫ്റ്റ്) നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയായിരുന്നു സര്‍വിസ് നിര്‍ത്തിയത്.
സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തുന്നത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാകും. സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തുകയാണെങ്കില്‍ 2026 ഹജ്ജ് സര്‍വീസിനുള്ള ടെന്‍ഡറിലും കമ്പനി പങ്കെടുത്തേക്കും. ഇത് നടക്കുകയാണെങ്കില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ടിക്കറ്റ് നിരക്കില്‍ വലിയ തോതില്‍ കുറവുണ്ടാകും.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ഹജ്ജ് സര്‍വീസിന് തുടര്‍ച്ചയായി ടെന്‍ഡറില്‍ പങ്കെടുത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ സീസണുകളില്‍ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് 40,000 രൂപ അധികമായിരുന്നു.