മദ്ഹാ - ഒമാനിലെ മദ്ഹാ മേഖലയിൽ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളാൽ ചുറ്റപ്പെട്ട ഒമാൻ്റെ 75 ഹെക്‌ടർ ഭൂപ്രദേശമാണ് മദ്ഹാ. പുലർച്ചെ 5.13ന് അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
എന്നാൽ, ഭൂചലനം യുഎഇയിൽ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും എൻസിഎം സ്ഥിരീകരിച്ചു. യുഎഇയിലെ ഒരു ചെറിയ ഒമാനി എക്സ്ക്ലേവാണ് മദ്ഹാ. ഒരു രാജ്യത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ പ്രധാന ഭാഗത്ത് നിന്ന് ഭൂമിശാസ്ത്രപരമായി വേർപെട്ടിരിക്കുന്നതും പലപ്പോഴും മറ്റൊരു രാജ്യത്താലോ ഭൂപ്രദേശത്താലോ ചുറ്റപ്പെട്ടതുമായ ഭാഗമാണ് എക്സ്ക്ലേവ് എന്നറിയപ്പെടുന്നത്.