ദില്ലി: ദില്ലിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. തെരുവുനായ പ്രശ്നത്തില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ കേസുകളുടെ വിവരങ്ങളും സുപ്രീം കോടതി തേടി. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ നയം വേണമെന്നും കോടതി വ്യക്തമാക്കി. ദില്ലിയിലെ തെരുവുനായ പ്രശ്നത്തില്‍ നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന വിധി സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. പിടികൂടിയ നായ്ക്കളില്‍ അക്രമകാരികള്‍ അല്ലാത്തവരെ വിട്ടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
നായ്ക്കളെ ഷെല്‍ട്ടർഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പർദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പർദ്ദിവാലയുടെ ബെഞ്ചില്‍ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. തുടര്‍ന്നാണിപ്പോള്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് മൂന്നംഗ ബെഞ്ച് ഉത്തരവിറക്കിയത്.
ഡല്‍ഹിയിലും സമീപ ജില്ലകളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെയും തെരുവ് നായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാൻ നിർദേശം നല്‍കിയ വിവാദമായ ഓഗസ്റ്റ് എട്ടി ലെ ജസ്റ്റിസ് പർദ്ദിവാലയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് വിക്രം നാഥിന്‍റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ സന്ദീപ് മേത്തയും എൻ.വി. അഞ്ജരിയ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ദില്ലിയിലെയും സമീപ ജില്ലകളിലെയും തെരുവ് നായ്ക്കളെ പിടികൂടി ദേശീയ തലസ്ഥാനത്തെ നായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ആഗസ്റ്റ് 11-ലെ സുപ്രീം കോടതി ഉത്തരവ്. നായ സംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ഉടൻ സൃഷ്ടിച്ച് എട്ട് ആഴ്ചയ്ക്കുള്ളില്‍ സുപ്രീം കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവില്‍ നിർദ്ദേശിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് രാജ്യമെമ്ബാടും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. നായ പ്രേമികള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ മാർച്ചുകള്‍ നടത്തിയിരുന്നു.