ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദ് കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്. പള്ളി കമ്മിറ്റി നല്‍കിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അതുല്‍ എസ്. ചന്ദൂര്‍കര്‍ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. തിങ്കളാഴ്ചത്തേക്ക് വരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശിച്ചത്.
പള്ളിയില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹിന്ദുത്വ വാദികളുടെ ഹരജിയുടെ സാധുതയെ ചോദ്യംചെയ്ത് പള്ളി കമ്മിറ്റി നല്‍കിയ ഹരജി, ഇക്കഴിഞ്ഞ മെയില്‍ അലഹാബാദ് ഹൈക്കോടതി തള്ളുകയും സര്‍വേ നടത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ ആണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.
1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബാബരി മസ്ജിദ് ഒഴികെയുള്ള ഓരോ ആരാധനാലയവും ആരുടെ ഉടമസ്ഥതയിലാണോ അതില്‍ മാറ്റമുണ്ടാകുന്നത് തടയുന്ന 1991 ലെ ആരാധനാലയ നിയമത്തിന് എതിരാണ് ഹിന്ദുത്വ വാദികളുടെ നടപടിയെന്നാണ് കേസില്‍ പള്ളി കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടിയത്. ഇതോടെ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ കൂട്ടത്തോടൊപ്പം ഈ വിഷയവും ഉള്‍പ്പെടുത്തണോ എന്ന് ബെഞ്ചിലെ ജസ്റ്റിസ് നരസിംഹ ചോദിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഘണിക്കും.
മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഈ മാസം 28ന് ചന്ദൗസിയിലെ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങ്ങിന് മുമ്പാകെ വാദംകേട്ട് തുടങ്ങാനിരിക്കെയാണ് കോടതിയുടെ നടപടി.
പള്ളി നിലനില്‍ക്കുന്ന ഭൂമി തര്‍ക്കസ്ഥലം ആണെന്നും അതിനാല്‍ ഇസ്ലാമിക പ്രാര്‍ഥനകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകന്‍ സിമ്രാന്‍ ഗുപ്ത സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ കീഴ്‌ക്കോടതിയില്‍ ഉള്ളത്. പള്ളി അടച്ചുപൂട്ടി മുദ്രവച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ കസ്റ്റഡിയില്‍ വയ്ക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉടമസ്ഥാവകാശം വിവാദമാക്കി ബാബരി മസ്ജിദ് മാതൃകയിലുള്ള നീക്കമാണ് രാജ്യത്തെ ഹിന്ദുത്വവാദി ശക്തികള്‍ സംഭല്‍ മസ്ജിദിന്റെ കാര്യത്തിലും നടത്തുന്നതെന്ന പരാതി വ്യാപകമാണ്.