ഹൈദരാബാദ്: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.
മഹ്ബൂബ്‌നഗർ ജില്ലയിലാണ് ജനനം. 1998, 2004 വർഷങ്ങളിൽ നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. തൊഴിൽ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിൽ സാഹചര്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ഉറപ്പാക്കാൻ നിരന്തരം പോരാടി.
കർണൂലിൽ വിദ്യാർഥി നേതാവായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് സിപിഐയിൽ നേതൃനിരയിലേക്ക് ഉയർന്നു വരികയായിരുന്നു. തെലങ്കാനയിലും ദേശീയ തലത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്.