വടകര: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.പി. കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നല്‍കുന്നതിന് മുമ്പ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.
ആരോപണത്തിന് പിന്നാലെ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം രാഹുലിന്റെ തീരുമാനം ശരിവെച്ചു. ബിഹാറിലേക്ക് മുങ്ങിയെന്ന മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരിനിന്ന് പ്രതികരിക്കണമെന്ന് നിര്‍ബന്ധമില്ല. രാഹുലിന്റെ വിഷയം ഉയര്‍ത്തി ഇടത് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മറക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
രാഹുലിനെതിരായ ആരോപണം ഉയര്‍ത്തി പ്രതിപക്ഷത്തെ തളര്‍ത്താന്‍ നോക്കേണ്ട. സര്‍ക്കാറിനെതിരെ യു.ഡി.എഫ് ശക്തമായ പോരാട്ടം നടത്തും. ബിഹാറിലെ യാത്രയുടെ ഭാഗമാവുക എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമുണ്ട്.