കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 100 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9315 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 800 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 74520 രൂപയായാണ് വർധിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ആഗോളവിപണിയിലും സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡ് വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3,373.89 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നിട്ടുണ്ട്. 1.1 ശതമാനം വളർച്ചയാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലുണ്ടായത്. 3418 ഡോളറായാണ് വില വർധിച്ചത്. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ വായ്പ പലിശനിരക്കുകൾ കുറക്കുമെന്ന സൂചന നൽകി. ഇതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം
അതേസമയം, ഡോളർ ഇൻഡക്സിൽ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരന്നു. ഇത് വരും ദിവസങ്ങളിൽ വില കുറക്കുന്നതിന് ഇടയാക്കുമെന്നാണ് പ്രവചനം. അതേസമയം, കഴിഞ്ഞ ദിവസം സ്വർണത്തിന് 15 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. 9215 രൂപയായാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവാണ് ഉണ്ടായത്. 73,720 രൂപയായാണ് വില കുറഞ്ഞത്.
ആഗോള വിപണിയിൽ സ്വർണവില ഉയരുമെന്ന റേറ്റിങ് ഏജൻസികളുടെ പ്രവചനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 150 ഡോളർ ഉയർന്ന് ഔൺസിന് 3,250 ഡോളറായി ഉയരുമെന്നാണ് ഫിച്ചിന്റെ പ്രവചനം. ഇത് ശരിവെക്കും രീതിയിലാണ് ഇപ്പോൾ സ്വർണത്തിന്റെ പോക്ക്. ഇന്ന് ഈ രീതിയിലാണ് ആഗോളവിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നത്.