വാഷിങ്ടൺ: വൈറ്റ് ഹൗസിലെ പേഴ്സണൽ ഡയറക്ടർ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി നിയമിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗത്ത്-സെൻട്രൽ ഏഷ്യൻ അഫയേഴ്സിനുള്ള പ്രത്യേക പ്രതിനിധിയുടെ ചുമതലയും അദ്ദേഹം വഹിക്കും. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഗോറിനെ നിയമിച്ച വിവരം അറിയിച്ചത്.
ഗോറും അവരുടെ ടീം നാലായിരത്തോളം ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥരെ നിയമിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളുടേയും ഏജൻസികളിലേയും 95 ശതമാനം ഒഴിവുകളും നികത്തിയെന്നും ട്രംപ് പറഞ്ഞു. ദീർഘകാലമായി തനിക്കൊപ്പമുള്ളയാളാണ് ഗോർ.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. എന്റെ പല പുസ്തകങ്ങളുടേയും പ്രസിദ്ധീകരണത്തിലും അദ്ദേഹം സഹായിച്ചിരുന്നു. പ്രസിഡൻഷ്യൽ ഡയറക്ടറെന്ന നിലയിൽ മികച്ച പ്രകടനം നടത്തി ജനങ്ങളുടെ അംഗീകാരം സെർജിയോ വാങ്ങിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത്സോഷ്യൽ പോസ്റ്റിൽ പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യ കൂടുതലുള്ള മേഖലയിൽ വിശ്വസ്തൻ തന്നെ അംബാസഡറാവണമെന്ന് തനിക്ക് നിർബന്ധമുണ്ട്. തന്റെ അജണ്ട നടപ്പാക്കാൻ ഗോറിന് കഴിയുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നത് തന്നെ അഭിമാനകരമായ കാര്യമാണെന്ന് ഗോർപറഞ്ഞു. തന്നിൽ വിശ്വാസമർപ്പിക്കുകയും പദവിയിൽ നിയമിക്കുകയും ചെയ്ത ട്രംപിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധം ട്രംപും ഗോറും തമ്മിലുണ്ട്. ട്രംപിന്റെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് ഗോറിന്റെ പബ്ലിഷിങ് ഹൗസാണ്. എറിക് ഗാർസെറ്റിയുടെ പിൻഗാമിയായാണ് ഗോറെത്തുക. മെയ് 11 2023 മുതൽ 2025 ജനുവരി വരെയായിരുന്നു എറിക് ഗാർസെറ്റി ഇന്ത്യയുടെ അംബാസഡറായിരുന്നു.