ന്യൂഡൽഹി: വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പഴയ വാഹനങ്ങൾ നിരത്തിൽ ഇറക്കരുത് എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി വാഹനങ്ങൾക്ക് ഇന്ധന വിലക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഈ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. അതേസമയം ഇപ്പോഴിതാ പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി 20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) പുതുക്കുന്നതിനുള്ള ഫീസ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) വൻതോതിൽ വർധിപ്പിച്ചു. പഴയ വാഹനങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്നവർക്ക് ഇത് കനത്ത പ്രഹരമാകുമെന്നാണ് വിലയിരുത്തൽ. 2021 ഒക്ടോബറിൽ മോട്ടോർസൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ രജിസ്ട്രേഷനും പുതുക്കുന്ന ഫീസ് വർധിപ്പിച്ചിരുന്നു. 2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ കരട് ഭേദഗതിയാണ് ഓഗസ്റ്റ് 21-ന് അന്തിമമാക്കിയത്.
ALSO READ: ഡീസൽ ചെലവ് ലാഭിക്കാം: 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കി.മീ വാറണ്ടി; വരുന്നു ടിവിഎസിന്റെ ഇലക്ട്രിക് കാർഗോ ഓട്ടോറിക്ഷ
പഴയ വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കി വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഡൽഹി-എൻസിആർ മേഖലയിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കരുതെന്ന് ഈ മാസം സുപ്രീം കോടതി അടുത്ത് ഉത്തരവിട്ടിരുന്നു. വാഹനങ്ങളുടെ ആയുസ്സ് നിർണയിക്കുമ്പോൾ നിർമ്മിക്കുന്ന വർഷം മാത്രമല്ല, യഥാർത്ഥ ഉപയോഗവും പരിഗണിക്കണമെന്ന് ഡൽഹി സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.
പുതുക്കിയ ഫീസ് നിരക്കുകൾ
മോട്ടോർസൈക്കിൾ: മുൻപ് 1,000 രൂപയായിരുന്ന ആർസി പുതുക്കൽ ഫീസ് ഇപ്പോൾ 2,000 രൂപയായി.
മൂന്ന് ചക്ര വാഹനങ്ങൾ: 5,000 രൂപ.
ലൈറ്റ് മോട്ടോർ വാഹനങ്ങൾ: 10,000 രൂപ
ഇറക്കുമതി ചെയ്ത വാഹനങ്ങൾ
ഇരുചക്ര/മുച്ചക്ര വാഹനങ്ങൾ: 10,000 രൂപയിൽനിന്ന് 20,000 രൂപയായി.
നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ - 80,000 രൂപ.
ALSO READ: വാഹന ഉടമകൾ ശ്രദ്ധിക്കുക: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം
ഡൽഹിയിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിൽനിന്ന് ഒഴിവാക്കാൻ സുപ്രീം കോടതി നിർദേശപ്രകാരം എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ (CAQM) രൂപീകരിച്ച നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. ഇതോടെ, നിരവധി വാഹന ഉടമകളും സെക്കൻഡ്ഹാൻഡ് കാറുകൾ വില്പന നടത്തുന്നവരും ഉൾപ്പെടെ ഒട്ടേറെ കച്ചവടക്കാർ പ്രതിസന്ധിയിലായിരുന്നു. പഴയ വാഹനങ്ങൾ സ്ക്രാപ് ചെയ്യാൻ കഴിയാത്തവർക്ക് പുതിയ ഫീസ് വർധന കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ