ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതിയെ പൊലീസ് പിടികൂടി. മാരാരിക്കുളം എസ് എന്‍ പുരം സ്വദേശി ദിവ്യാ ചന്ദ്രനെനാണ് (44) പിടിയിലായത്. ചോറ്റാനിക്കര ഭാഗത്തു നിന്ന് പൂച്ചാക്കല്‍ പൊലീസിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത് .
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ദിവ്യ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പാണാവള്ളി സ്വദേശിയായ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും 50 ലക്ഷം രൂപയാണ് തട്ടിയത്. കലാമിറ്റി ഫണ്ട്, പകർച്ച വ്യാധി നിവാരണ ഫണ്ട് എന്നിവയിലേക്ക് പൊതുജനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും നല്ല പലിശ കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ മകന് കോട്ടയം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ടെക്നീഷ്യനായി ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞും വിശ്വസിപ്പിച്ചു.
പണം കൈക്കലാക്കിയ ശേഷം ഒളിവിലായിരുന്നു ദിവ്യ. ഇവര്‍ മറ്റ് സ്റ്റേഷനുകളിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു