എറണാകുളം: ആലുവ അത്താണിപ്പറമ്പില്‍ പെട്രോള്‍ പമ്പില്‍ യുവാവിന്റെ പരാക്രമം. ഇന്ത്യന്‍ ഓയിലിന്റെ പമ്പിനുളളില്‍ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു. പമ്പിലെ പൊട്ടിത്തെറി ഒഴിവായത് തലനാരിഴയ്ക്കാണ്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പമ്പിലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് യുവാവ് പരാക്രമം നടത്തിയത്.
പെട്രോള്‍ അടിച്ചതിനുശേഷം ജീവനക്കാര്‍ തന്റെ മൊബൈല്‍ പിടിച്ചുവെച്ചു എന്ന് പറഞ്ഞാണ് യുവാവ് പ്രശ്‌നമുണ്ടാക്കിയത്. ഇയാളെ പിടിച്ചുമാറ്റാന്‍ സമീപത്തുണ്ടായിരുന്നവര്‍ ശ്രമിച്ചു. അതിനിടെയാണ് ഇയാള്‍ പമ്പിലേക്ക് ഓടിക്കയറി ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിരുന്ന തന്റെ ബൈക്ക് കത്തിച്ചത്. പമ്പിലെ ജീവനക്കാര്‍ സമയോജിതമായി ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു. ചെങ്ങമനാട് പൊലീസെത്തി പ്രതിയെ കൊണ്ടുപോയി.