കുവൈത്ത് സിറ്റി: താൽക്കാലിക വിസകളിലോ സന്ദർശനത്തിനായോ കുവൈത്തിൽ എത്തുന്നവർക്ക് ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ നൽകുന്ന ആരോഗ്യ സേവനങ്ങൾ ഇനി ലഭിക്കില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി ഉത്തരവ് പുറപ്പെടുവിച്ചു. മുൻകാലങ്ങളിൽ സന്ദർശന വിസയിൽ എത്തിയശേഷം നിരവധി ആളുകൾ ചിലവേറിയ സൗജന്യ ചികിത്സ നേടിയിരുന്നതിനെത്തുടർന്നാണ് പുതിയ തീരുമാനം. ദേശീയ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലുള്ള പൗരന്മാർക്കും താമസക്കാർക്കും വേണ്ടി ആരോഗ്യ വിഭവങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്‌ഷ്യം.
പ്രവർത്തനക്ഷമതയും സേവനങ്ങളിലേക്കുള്ള തുല്യമായ പ്രവേശനവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒരു ‘സമഗ്ര ആരോഗ്യ വീക്ഷണത്തിൻ്റെ’ ഭാഗമാണ് ഈ നയപരമായ മാറ്റം. കുവൈത്തിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ സുസ്ഥിരത ഉറപ്പാക്കാനും, സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്താനും, വൈദ്യസഹായം ആവശ്യമുള്ളവരിലേക്ക് വിഭവങ്ങൾ എത്തിക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിലൂടെയും സൗകര്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിലൂടെയും രോഗികളുടെ സംതൃപ്തി വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.