കോഴിക്കോട്: നഗരത്തിലെ വിവിധയിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് ഉടമയറിയാതെ പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹന്ദ് വീട്ടിൽ നിസാർ (38) എന്നിവരെയാണ് നടക്കാവ് പൊലിസ് പിടികൂടിയത്.
2024 ഏപ്രിൽ മാസത്തിൽ പ്രതികൾ കോഴിക്കോട് നഗരത്തിൽ വാടകയ്ക്ക് എടുത്ത വീട് തങ്ങളുടേതാണെന്ന് വ്യാജേന അവകാശപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്ന് 25 ലക്ഷം രൂപയും, മേരി എന്ന യുവതിയിൽ നിന്ന് 2.80 ലക്ഷം രൂപയും, ശ്രുതി എന്ന യുവതിയിൽ നിന്ന് 7 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. വീടിന്റെ യഥാർത്ഥ ഉടമയ്ക്ക് യാതൊരു അറിവും നൽകാതെയാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയത്.
തങ്ങൾ വഞ്ചിതരായെന്ന് മനസ്സിലാക്കിയ യുവതികൾ നടക്കാവ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടക്കാവ് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സമാനമായ രീതിയിൽ നിരവധി പേരെ പറ്റിച്ചതായും കണ്ടെത്തി. നടക്കാവ്, ചേവായൂർ, എലത്തൂർ തുടങ്ങിയ പൊലിസ് സ്റ്റേഷൻ പരിധികളിൽ വാടക വീടുകൾ എടുത്ത്, അവ തങ്ങളുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വലിയ തുകകൾക്ക് യഥാർഥ ഉടമയറിയാതെ പണയം വയ്ക്കുകയായിരുന്നു പ്രതികളുടെ രീതി. രണ്ടോ മൂന്നോ മാസം വാടക നൽകിയ ശേഷം പ്രതികൾ മുങ്ങുകയും ചെയ്തു. കൂടാതെ, പുതിയ വീട് നിർമ്മിക്കുന്നവരോട് കൺസ്ട്രക്ഷൻ ജോലികൾ ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്തതായും പൊലിസ് കണ്ടെത്തി.
നടക്കാവ് പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ലീല, എസ്.സി.പി.ഒ ബൈജു, സി.പി.ഒ മാരായ അരുൺ, ഐശ്വര്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മെർലിൻ ഡേവിസിനെ പാലക്കാട് നിന്നും നിസാറിനെ നടക്കാവിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.