മദീന:വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നദീർ സാമൂഹിക പ്രവർത്തകരുടെ കൈത്താങ്ങിൽ നാട്ടിലേക്ക് മടങ്ങി. ട്രെയിലർ ലോറി ഡ്രൈവറായ ഓമശ്ശേരി സ്വദേശി പുത്തൻവീട്ടുപൊയിൽ നദീർ (41) ഓടിച്ചിരുന്ന വാഹനം ജിദ്ദ-മദീന ഹൈവേയിൽ വച്ച് അപകടത്തിൽപ്പെട്ട് കത്തിയപ്പോൾ അദ്ഭുതകരമായാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
ജിദ്ദയിൽ നിന്ന് ബുറൈദയിലേക്ക് പോകുന്ന വഴി നദീർ ഓടിച്ചിരുന്ന ട്രെയിലർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പാറയിലിടിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ട്രെയിലറിന് തീപിടിച്ച് ആളി കത്തിയെങ്കിലും, കാബിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന നദീറിനെ പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ രക്ഷിക്കുകയായിരുന്നു. റോഡ് സുരക്ഷയിൽ ഉൾപ്പടെ പരിശീലനം നേടിയിരുന്ന സൗദി പൗരന്റെ ഇടപെടലിലാണ് അപകടത്തിന്റെ ആഘാതത്തിൽ നട്ടെല്ലിനടക്കം സാരമായി പരുക്കേറ്റ് മരണത്തെ മുഖാമുഖം കാണേണ്ടി വന്ന നദീറിന് ഒരു രണ്ടാം ജന്മം കിട്ടിയത്. ഒരുപക്ഷേ അൽപ്പം വൈകിയിരുന്നെങ്കിൽ അർധബോധാവസ്ഥയിലായിരുന്ന നദീറിന്റെ ജീവനും ട്രെയിലർ പൂർണമായും കത്തിയമർന്നതിനൊപ്പം നഷ്ടമാകുമായിരുന്നു.
വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അരോഗ്യ സുരക്ഷാ പ്രവർത്തകർ നദീറിനെ മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തു. നട്ടെല്ലിന് ഗുരുതരമായ ക്ഷതമേറ്റിരുന്നു.
അപകടത്തിൽ പൂർണ്ണമായും കത്തി നശിച്ച ട്രെയിലർ നീക്കം ചെയ്യുന്നു.
ശേഷം, നദീറിന്റെ ചികിത്സയും പരിചരണവും ആവശ്യമായ മാനസിക പിന്തുണയും മദീന കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകരാണ് പൂർണമായും ഏറ്റെടുത്തത്. ജർമൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകൻ അബ്ദുൽ നാസറാണ് നദീറിന്റെ കാര്യങ്ങൾ ഏറ്റെടുത്തു നടത്തിയത്. നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ രേഖകൾ പൂർത്തിയാക്കാനും കെഎംസിസി പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു. മദീന കെഎംസിസി വെൽഫെയർ വിങ് കോർഡിനേറ്റർ മുഹമദ് ഷഫീഖ്, കൺവീനർ ജലീൽ കുറ്റ്യാടി, കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ തടത്തിൽ, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മഹഫൂസ് കുന്ദമംഗലം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
നീണ്ടകാലത്തെ ആശുപത്രി വാസത്തിലും ചികിത്സയിലും മാനസികവും ശാരീരികവുമായ എല്ലാവിധ പിന്തുണയും നൽകിയ കെഎംസിസി പ്രവർത്തകരുടെ സഹായത്തിന് നന്ദി പറഞ്ഞുകൊണ്ട് നദീർ കഴിഞ്ഞ രാത്രി ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് തുടർ ചികിത്സയ്ക്കായി മടങ്ങി. നദീറിനെ യാത്ര അയക്കാനും കെഎംസിസി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു