കണ്ണൂര്‍: കണ്ണൂര്‍ കല്യാട്ടെ വീട്ടില്‍ കവര്‍ച്ച നടന്ന വീട്ടിലെ മകന്റെ ഭാര്യ ദര്‍ഷിതയെ കര്‍ണാടകയില്‍ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ്. വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവാണ് അറസ്റ്റിലായത്. ലോഡ്ജില്‍ വെച്ച് സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവതിയുടെ വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദര്‍ഷിതയും സുഹൃത്ത് സിദ്ധരാജുവുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
കണ്ണൂരിലെ വീട്ടില്‍ നിന്നും പോയ ദര്‍ഷിത മകളെ സ്വന്തം വീട്ടിലാക്കുന്നു. തുടര്‍ന്നാണ് മൈസൂരുവിലെ ലോഡ്ജിലെത്തുന്നത്. ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ജോലിക്കാരനായിരുന്ന സിദ്ധരാജുവുമായി ദര്‍ഷിതയ്ക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്നും സംഘടിപ്പിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇലക്ട്രിക് ഡിറ്റനേറ്റര്‍ വായില്‍ കെട്ടിവെച്ചശേഷം വൈദ്യുതി ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു.
യുവതിയുടെ തല പൊട്ടിത്തെറിച്ച നിലയിലാണ് ലോഡ്ജില്‍ മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍ പോയ സിദ്ധരാജുവിനെ ഉടന്‍ തന്നെ പൊലീസ് പിടികൂടി. പല തവണയായി വാങ്ങിയ പണം തിരികെ ചോദിച്ചതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കര്‍ണാടക പൊലീസ് വ്യക്തമാക്കുന്നത്. കല്യാട്ടെ വീട്ടിലെ കവര്‍ച്ചയില്‍ ദര്‍ഷിതയുടെ പങ്ക് അന്വേഷിക്കുന്നതിനിടെയാണ് യുവതി മരിച്ച വിവരം ഇരിക്കൂര്‍ പൊലീസിന് ലഭിക്കുന്നത്.
ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയില്‍ അഞ്ചാംപുര ഹൗസിലെ വീട്ടുടമസ്ഥന്റെ വിദേശത്തുള്ള മകന്‍ സുഭാഷിന്റെ ഭാര്യ ഹുണ്‍സൂര്‍ സ്വദേശിനി ദര്‍ഷിത (22) യെയാണ് മൈസുരു സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ദര്‍ഷിത മകളുമൊത്ത് കര്‍ണാടകയിലെ വീട്ടിലേക്ക് പോയത്. വെള്ളിയാഴ്ച വൈകീട്ടാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്.