താനൂര്‍(മലപ്പുറം): കാറില്‍ വന്ന് തെന്നല സ്വദേശിയെ ആക്രമിച്ച് 1.9 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.തിരൂരങ്ങാടി ടിസി റോഡ് തടത്തില്‍ അബ്ദുള്‍ കരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി രജീഷ് (44), പരപ്പനങ്ങാടി പന്താരങ്ങാടി വലിയ പീടിയേക്കല്‍ മുഹമ്മദ് ഫവാസ് (35) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. അക്രമത്തില്‍ പങ്കെടുത്ത ഒരു പ്രതിയേയും ഇനിയും പിടികൂടാനായിട്ടില്ല
സാമ്പത്തികലാഭത്തിനുവേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്താണ് ഇവര്‍ കുറ്റകൃത്യം ചെയ്തത്. ക്വട്ടേഷന്‍ നല്‍കിയവരെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്താന്‍ പ്രതികള്‍ മൂന്നു മാസം മുന്‍പ് പദ്ധതി തയ്യാറാക്കുകയും ഇതിനായി കാര്‍, മുഖംമൂടികള്‍, വാളുകള്‍ എന്നിവ മുന്‍കൂട്ടി വാങ്ങുകയും ചെയ്തിരുന്നു.
അക്രമത്തിനുശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ഉപേക്ഷിച്ച വാളുകള്‍ ഒന്നാം പ്രതിയുടെ വീടിനു സമീപത്തെ ചെറുമുക്ക് പള്ളിത്താഴത്തെ കിണറ്റില്‍നിന്നും കാര്‍ പാലക്കാടുനിന്നും പോലീസ് കണ്ടെത്തി. സിസിടിവികളും ഫോണ്‍കോളുകളും പരിശോധിച്ച് വിദഗ്ധമായ അന്വേഷണമാണ് പോലീസ് നടത്തിയത്.
കൃത്യം നടന്ന് അഞ്ച് ദിവസത്തിനുശേഷമാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. കവര്‍ച്ചയ്ക്കുശേഷം ഗോവയിലേക്ക് കടന്നുകളഞ്ഞ പ്രതികളെ പോലീസ് പിന്തുടര്‍ന്നിരുന്നു. പ്രതികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ കോഴിക്കോടുനിന്നാണ് പിടികൂടിയത്.