ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്. മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലായി. ആദ്യമായാണ് രാസലഹരി ഉൾപ്പധിപ്പിക്കുന്ന കിച്ചനുകൾ കണ്ടെത്തുന്നത്.
ഹരിയാന ഗുർഗോണിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് രാസലഹരികൾ എത്തിക്കുന്ന കിച്ചനുകൾ കണ്ടെത്തിയത്. ഡാർക് വെബ് വഴിയാണ് പ്രതികൾ ലഹരി വില്പന നടത്തിയിരുന്നത്. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്. ഈ വർഷം ഫെബ്രുവരി 16ന് മലപ്പുറം സ്വദേശി സിറാജ് എംഡിഎംഎയുമായി പിടിയിലായിരുന്നു. 778 ഗ്രാം എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ലഹരി എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് സൈബർ സെല്ലുമായി നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് കണ്ടെത്തി.
പ്രതിയുടെ അക്കൗണ്ടിൽ നിന്ന് പിടിയിലായ നൈജീരിയൻ സ്വദേശികളുടെ അക്കൗണ്ടിലേക്ക് പണം ട്രൻസ്ഫർ ചെയ്തതായി കണ്ടെത്തി. തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികൾ പിടിയിലായത്. എംഡിഎംഎ അടക്കം നിർമ്മിക്കുന്ന കിച്ചനടക്കമാണ് പൊലീസ് കണ്ടെത്തിയത്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.