കണ്ണൂര്‍: ആദ്യം പുറത്തറിഞ്ഞത് വന്‍മോഷണം, മണിക്കൂറുകള്‍ക്കുള്ളില്‍ മരുമകളുടെ കൊലപാതകവും. കഴിഞ്ഞദിവസം മുതല്‍ നടുക്കത്തിലാണ് ഇരിക്കൂറിലെ കല്യാട്ട് ഗ്രാമം. കല്യാട്ട് സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടില്‍ കെ.സി. സുമതയുടെ വീട്ടില്‍ നടന്ന മോഷണമാണ് നാട്ടുകാരെ ആദ്യം ഞെട്ടിച്ചത്. പട്ടാപ്പകല്‍ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നെന്നവിവരം ഏവരെയും അമ്പരപ്പിച്ചു. പിന്നാലെ മോഷണംനടന്ന വീട്ടിലെ മരുമകളായ ഹുന്‍സൂര്‍ സ്വദേശിനി ദര്‍ശിത കര്‍ണാടകയില്‍ കൊല്ലപ്പെട്ടെന്നവിവരവും പുറത്തറിഞ്ഞതോടെ നാട് നടുങ്ങി.
കല്യാട്ട് സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടില്‍ കെ.സി. സുമതയുടെ വീട്ടില്‍ വെള്ളിയാഴ്ച പട്ടാപ്പകലാണ് മോഷണം നടന്നത്. സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യയാണ് കര്‍ണാടക സ്വദേശിനിയായ ദര്‍ശിത. സുഭാഷ് വിദേശത്താണ്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സുമതയും മറ്റൊരു മകന്‍ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്കായി പോയി. ഇതിനുപിന്നാലെ വീട്ടിലുണ്ടായിരുന്ന ദര്‍ശിത കുഞ്ഞുമായി ഹുന്‍സൂരിലെ സ്വന്തംവീട്ടിലേക്കും പോയി. തുടര്‍ന്ന് വൈകീട്ട് നാലരയോടെ സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നവിവരമറിയുന്നത്. 30 പവന്‍ സ്വര്‍ണവും അഞ്ചുലക്ഷം രൂപയുമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നത്.
മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അലമാര തുറന്നാണ് പണവും സ്വര്‍ണവും മോഷ്ടിച്ചതെന്നായിരുന്നു നിഗമനം. വിവരമറിഞ്ഞ് ഇരിക്കൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ സ്വന്തംവീട്ടിലേക്ക് പോയ ദര്‍ശിതയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇവരെ ബന്ധപ്പെടാനായില്ല. ഇതിനുപിന്നാലെയാണ് കര്‍ണാടകയിലെ ലോഡ്ജ് മുറിയില്‍ ദര്‍ശിതയെ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയെന്നവിവരം പോലീസിന് ലഭിച്ചത്.