പുല്‍പ്പള്ളി: വനത്തില്‍ അതിക്രമിച്ച് കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസില്‍ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പാതിരി റിസര്‍വ് വനത്തിനുള്ളില്‍ പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി ഇറച്ചിയാക്കിയ പാതിരി ഉന്നതിയിലെ സതീഷ് (40), രാജന്‍ (44) എന്നിവരെയാണ് മാനിന്റെ ഇറച്ചിയടക്കം വനപാലകര്‍ പിടികൂടിയത്. മാനിന്റെ ജഡാവശിഷ്ടങ്ങള്‍, കുരുക്ക് നിര്‍മിക്കാന്‍ ഉപയോഗിച്ച കേബിൾ, ആയുധങ്ങള്‍ എന്നിവ പ്രതികളുടെ സഹായത്തോടെ അന്വേഷണ സംഘം പാതിരി റിസര്‍വ് വനത്തിനകത്തെ പൊളന്ന ഭാഗത്തുനിന്നും കണ്ടെത്തി.
പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ എ.എസ്. അഖില്‍ സൂര്യദാസ്, സി.എസ്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇരുവരും വില്‍പ്പനയ്ക്കായി കാട്ടിറച്ചി സ്ഥിരമായി നല്‍കുന്ന പട്ടാണിക്കുപ്പ് ഭാഗത്തുള്ള ആളെ കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതായി അന്വേഷണോദ്യോഗസ്ഥനായ ചെതലത്ത് റെയിഞ്ച് ഓഫീസര്‍ എം.കെ.രാജീവ് കുമാര്‍ അറിയുച്ചു. മോഹന്‍കുമാര്‍, ഒ. രാജു, പി.എസ്. ശ്രീജിത്ത് ജോജിഷ്, അശ്വിന്‍, വിപിന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു