കൊച്ചി: പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് കണ്ടെത്തല്‍. പെരുമ്പാവൂര്‍ കാഞ്ഞിരിക്കാട് പ്രദേശത്താണ് ഇന്ന് വൈകീട്ടോടെയാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ മാലിന്യം ഇളക്കിയതോടെ ദുര്‍ഗന്ധം പരക്കുകയായിരുന്നു. സംശയം തോന്നി പ്രദേശ വാസികള്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്ത സ്വദേശികളുടെ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പിടികൂടി. കുട്ടിയുടെ അമ്മ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പിതാവ് പൊലിസ് നിരീക്ഷണത്തില്‍ തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.