തെല്‍ അവിവ്: ഗസ്സയില്‍ ബന്ദികളായി കഴിയുന്നവരുടെ മോചനം ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍ ഇന്ന് സമരദിനം. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലില്‍ ഇന്ന് കൂറ്റന്‍ റാലി സംഘടിപ്പിക്കും.
ഇസ്‌റാഈല്‍ ജനതയില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു ബന്ദികളാക്കിയവരുടെ ബന്ധുക്കളുടെ ഫോറം ഞായറാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറഞ്ഞു. 'അവരുടെ തിരിച്ചുവരവിനായി ഒരു കരാര്‍ ഒപ്പിടുന്നതില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുന്നത് ജനതാല്‍പര്യത്തിനും നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും എതിരാണ് - പരസ്പര ഉത്തരവാദിത്തവും സൗഹൃദവും. ഇതാണ് ഇസ്‌റാഈലിന്റെ ധാര്‍മ്മികത - ഇതാണ് നമ്മുടെ കടമ.- ഫോറം പറയുന്നു.
ഇസ്‌റാഈലില്‍ ഹമാസിന്റെ മിന്നലാക്രമണമുണ്ടായ അതേസസമയം - രാവിലെ 6:29 നാണ് സമരദിനം ആരംഭിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളമുള്ള പ്രധാന ജംഗ്ഷനുകളില്‍ പ്രതിഷേധക്കാര്‍ പ്രതിഷേധിക്കുമെന്നും ഫോറം അറിയിപ്പില്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞദിവസം ഗസ്സയില്‍ 5 മാധ്യമ പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്ത ഇസ്‌റാഈല്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും സംഭവത്തെ അപലപിച്ചു.
ഖാന്‍ യൂനുസിലെ അല്‍ നാസര്‍ ആശുപത്രിയില്‍ ബോംബിട്ട് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ നടപടിയില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഇതിനകം 250 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് ഏറെ നടുക്കം സൃഷ്ടിക്കുന്നതാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഗസ്സയിലെ സംഭവ വികാസങ്ങള്‍ അങ്ങേയറ്റം നടുക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. ഗസ്സ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം അവസാനിക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു.
അതിനിടെ, ഗസ്സ സിറ്റിക്കു നേരെ വന്‍ ആക്രമണ പദ്ധതിയുമായി ഇസ്‌റാഈല്‍ മുന്നോട്ട് നീങ്ങുന്നതിനിടെ, ബന്ദികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് സൈനിക മേധാവി ഇയാല്‍ സമീര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹുസ്സാം അല്‍ മസ്‌രി, മുഹമ്മദ് സലാമ, മര്‍യം അബൂദഖ, മുഇസ്സ് അബൂ ത്വാഹ ഉള്‍പ്പെടെ 21 പേരാണ് നാസര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.